Feb 21, 2025 12:09 PM
കോഴിക്കോട്: ദേശീയ സേവാഭാരതിയുടെ കോഴിക്കോട് ജില്ലാ ആശ്രയ കേന്ദ്രം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ചാലപ്പുറം കേസരി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് മലബാർ മെഡിക്കൽ കോളേജ് പ്രസിഡന്റ് ശ്രീ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ ഷാജകുമാർ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷൻ ഡോക്ടർ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീമതി സുലോചന സേവാഭാരതിയുടെ പ്രവർത്തനങ്ങൾ വിവരിക്കുന്ന ബ്രോഷർ പ്രകാശനം ചെയ്തു.
\"ഭൂമിയും ഭവനവും, സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരിൽ ഉറപ്പാക്കുന്ന സേവാഭാരതിയുടെ ഭൂദാനം പദ്ധതിയിലേക്ക് ഭൂമി സമർപ്പിച്ചു.\" ഉണ്ണികുളം സ്വദേശി ശ്രീമതി സുഭദ്രമ്മ പൂന്തോറക്കണ്ടിയും, മക്കട സ്വദേശി ശ്രീ മധുസൂദനനും സേവാഭാരതിക്കായി ഭൂമി ദാനം ചെയ്തു.
\"വയനാടിനൊരു കൈത്താങ്ങ്\" എന്ന മുദ്രാവാക്യത്തോടെ, ഭാരതീയ വിദ്യാനികേതനിലെ വിദ്യാർത്ഥികളും അധ്യാപകരും സമിതി അംഗങ്ങളും വയനാട് ഉരുൾ പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്കായി സമാഹരിച്ച തുക ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡന്റ് ശ്രീ ഗോപാലൻ കുട്ടി മാസ്റ്ററിൽ നിന്ന് ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. വിജയഹരി ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി.
കോഴിക്കോട് ജില്ലയിലെ സേവാഭാരതിയുടെ ചരിത്രവും പ്രവർത്തനവും വിശദമാക്കുന്ന വിഷ്വൽ ബ്രോഷർ വേദിയിൽ പ്രദർശിപ്പിച്ചു. ചടങ്ങിൽ മലബാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി.വി. നാരായണൻ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രൊഫസർ സി. ശ്രീകുമാർ എന്നിവർ ആശംസ അർപ്പിച്ചു.
ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ മോഹനൻ പറഞ്ഞു, \"സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്നവർക്ക് ആശ്രയമാവുകയും അവരെ കൈപിടിച്ചുയർത്തുവാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും ജില്ലയിലെ 85 യൂണിറ്റുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുകയും സേവാപ്രവർത്തകർക്ക് മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനാവശ്യമായ പരിശീലനം നൽകുകയും ചെയ്യുക എന്നതാണ് ജില്ലാ ആശ്രയ കേന്ദ്രത്തിന്റെ പ്രവർത്തന ലക്ഷ്യം\". സേവാഭാരതി പ്രവർത്തകർ ഉൾപ്പെടെ 469 പേര് ചടങ്ങിൽ പങ്കെടുത്തു. ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ ട്രഷറർ ശ്രീമതി അഞ്ജു ദേവി നന്ദി പറഞ്ഞ ചടങ്ങിൽ, ജില്ലാ സെക്രട്ടറി ശ്രീമതി അമൃത ശാന്തി മന്ത്രം ചൊല്ലി.